നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്...

Scan the qr code to link to this page

ഹദീസ്
വിശദീകരണം
വിവർത്തനം പ്രദർശിപ്പിക്കുക
ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്
വിഭാഗങ്ങൾ
കൂടുതൽ
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരാൾ നബി -ﷺ- യുടെ മുൻപിൽ വന്നിരിക്കുകയും അവിടുത്തോട് പറയുകയും ചെയ്തു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില അടിമകളുണ്ട്; അവർ എന്നോട് കളവു പറയുകയും എന്നെ വഞ്ചിക്കുകയും എന്നെ ധിക്കരിക്കുകയും ചെയ്യുന്നു. ഞാൻ അവരെ ചീത്ത പറയുകയും അടിക്കുകയും ചെയ്യാറുണ്ട്. ഇങ്ങനെയാണ് കാര്യമെങ്കിൽ അവരോടുള്ള എൻ്റെ അവസ്ഥയെന്താണ്?!" നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്; അവരുടെ തിന്മകളുടെ തോതനുസരിച്ചായിരുന്നു നിൻ്റെ ശിക്ഷയെങ്കിൽ അത് നിനക്ക് (ഉപദ്രവമോ നേട്ടമോ നൽകാതെ) തുല്യമായി അവസാനിക്കും. നിനക്ക് അത് അനുകൂലമോ പ്രതികൂലമോ ആയിട്ടില്ല. എന്നാൽ അവരെ നീ ശിക്ഷിച്ചത് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ ബാക്കിയുള്ളത് നിനക്ക് (അനുകൂലമായുണ്ട്). ഇനി നിൻ്റെ ശിക്ഷ അവരുടെ തിന്മകളേക്കാൾ മുകളിലാണെങ്കിൽ അധികമുള്ള ശിക്ഷക്കുള്ളത് അവർക്ക് നിന്നിൽ നിന്ന് പ്രതികാരമെടുക്കപ്പെടും." അപ്പോൾ ഈ മനുഷ്യൻ മാറിനിന്ന് കരയാനും വിലപിക്കാനും തുടങ്ങി. അപ്പോൾ നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഇപ്രകാരം നീ വായിച്ചിട്ടില്ലേ?! "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല." (അമ്പിയാഅ്: 47) (അത് കേട്ടതോടെ) ആ മനുഷ്യൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു തന്നെ സത്യം! അവർക്കും എനിക്കും വേർപിരിയുക എന്നതല്ലാതെ മറ്റൊന്നും നന്മയായി ഞാൻ കാണുന്നില്ല. അതിനാൽ താങ്കൾ സാക്ഷി നിർത്തി കൊണ്ട് ഞാൻ പറയട്ടെ; അവരെല്ലാം സ്വതന്ത്രരാണ്!"
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു കൊണ്ട് തൻ്റെ അടിമകളുടെ മോശം പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞു.അവർ കളവ് പറയുകയും, വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങളിൽ വഞ്ചന കാണിക്കുകയും ഇടപാടുകളിൽ കള്ളത്തരം കാണിക്കുകയും, തൻ്റെ കൽപനകൾ ധിക്കരിക്കുകയും ചെയ്യുന്നു. അദ്ദേഹമാകട്ടെ അവരെ ചീത്ത പറയുകയും മര്യാദ പഠിപ്പിക്കുന്നതിനായി അവരെ അടിക്കുകയും ചെയ്യാറുണ്ട്. അപ്പോൾ ഖിയാമത്ത് നാളിൽ അവരുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ തൻ്റെ അവസ്ഥ എന്തായിരിക്കും ? എന്നതായിരുന്നു അയാളുടെ ചേദ്യം. നബി -ﷺ- പറഞ്ഞു: "നിന്നെ വഞ്ചിച്ചതും ധിക്കരിച്ചതും നിന്നോട് കളവു പറഞ്ഞതും, നീ അവരെ ശിക്ഷിച്ചതും കണക്കെടുക്കപ്പെടുന്നതാണ്. ശിക്ഷയുടെ അളവും അവരുടെ തെറ്റുകളുടെ അളവും തുല്യമാണെങ്കിൽ നിനക്ക് പ്രതിഫലമോ ശിക്ഷയോ ഉണ്ടാവുകയില്ല. നിൻ്റെ ശിക്ഷയുടെ അളവ് അവരുടെ തിന്മകളേക്കാൾ കുറവാണെങ്കിൽ നിനക്ക് അധികമുള്ളതിന് പ്രതിഫലം നൽകപ്പെടുന്നതാണ്. ഇനി നിൻ്റെ ശിക്ഷയാണ് അവരുടെ തിന്മകളേക്കാൾ കൂടുതൽ എങ്കിൽ നിനക്ക് അല്ലാഹുവിങ്കൽ ശിക്ഷയുണ്ടായിരിക്കും. അധികമായി നൽകിയ ശിക്ഷക്ക് പകരമായി നിൻ്റെ നന്മകൾ അവർക്ക് നൽകപ്പെടും." ഇത് കേട്ടതോടെ ഈ മനുഷ്യൻ മാറിനിന്ന് കരയാൻ തുടങ്ങി; അയാളുടെ ശബ്ദം ഉയരുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- അയാളോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ ഈ വചനം നീ പാരായണം ചെയ്തിട്ടില്ലേ? "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുകുമണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്‌. കണക്ക് നോക്കുവാന്‍ നാം തന്നെ മതി." അതിനാൽ അന്ത്യനാളിൽ ഒരാളോടും അനീതി കാണിക്കപ്പെടുന്നതല്ല. മനുഷ്യർക്കിടയിൽ അളന്നു തൂക്കപ്പെടുന്ന തുലാസ് നീതിപൂർവ്വകമായിരിക്കും." ഇത് കേട്ടപ്പോൾ അയാൾ പറഞ്ഞു: "അല്ലാഹു സത്യം! അല്ലാഹുവിൻ്റെ റസൂലേ! അവരെ പിരിയുകയും ഉപേക്ഷിക്കുകയും ചെയ്യുക എന്നതിനേക്കാൾ നല്ല ഒരു കാര്യം എനിക്കോ അവർക്കോ ഞാൻ കാണുന്നില്ല. അതിനാൽ പരലോക വിചാരണയെയും ശിക്ഷയെയും ഭയപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ടും -അങ്ങയെ സാക്ഷിയാക്കി കൊണ്ട്- ഞാനവരെ സ്വതന്ത്രരാക്കുന്നു."

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. അല്ലാഹുവിൻ്റെ ശിക്ഷ ഭയന്ന് കൊണ്ട് തൻ്റെ അടിമകളെ സ്വതന്ത്രരാക്കിയ ആ സ്വഹാബിയുടെ വിശ്വാസത്തിലെ സത്യസന്ധത നോക്കൂ!
  2. അതിക്രമത്തിനുള്ള പ്രതികാരം അതിന് തുല്യമോ അതിക്രമത്തിൻ്റെ തോതിനേക്കാൾ കുറവോ ആണെങ്കിൽ അത് അനുവദനീയമാണ്. അതിക്രമത്തേക്കാൾ വലിയ പ്രതിക്രിയ ചെയ്യുക എന്നത് നിഷിദ്ധവുമാണ്.
  3. സേവകരോടും ദുർബലരോടും നല്ല സ്വഭാവം പുലർത്താനുള്ള പ്രോത്സാഹനം.

വിഭാഗങ്ങൾ

അയക്കൽ വിജയകരമായി പൂർത്തിയായി